YSS

ഗുരുദേവന്റെ ശിഷ്യർക്കായി സ്വാമി ചിദാനന്ദഗിരി നൽകുന്ന പ്രാർത്ഥനയാൽ ഉൽഭൂതമാകുന്ന ഉറപ്പിന്റെയും പ്രോത്സാഹനത്തിന്റേയും സന്ദേശം.

24 ഏപ്രിൽ, 2021

പ്രിയപ്പെട്ടവരെ,

ഞങ്ങളുടെ പ്രിയപ്പെട്ട ഇൻഡ്യയിൽ കോവിഡ് മഹാമാരി നിങ്ങളിൽ പലരേയും  ബാധിച്ചിരിക്കുന്ന ഈ സമയത്ത് നിങ്ങൾ ഏവരും ദൈവീക പ്രഭാനുഗ്രഹങ്ങളുടെ വലയത്തിൽ സംരക്ഷിക്കപ്പെട്ടതായും  അങ്ങനെ നമ്മുടെ ഈ ആഗോള കുടുംബത്തിനെ നാശോന്മുഖതയിൽ നിന്നും എത്രയും വേഗത്തിൽ മുക്തമാക്കുന്നതായും സങ്കല്പിച്ചു കൊണ്ട്  നിങ്ങളേവർക്കും വേണ്ടി ഞാൻ  അഗാധമായി പ്രാർത്ഥിക്കുന്നുണ്ടെന്നറിയുക.

ഈ മഹാമാരി നിങ്ങളുടെ ജീവിതത്തിലും സമൂഹത്തിലും  ഗുരുതരമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നതറിഞ്ഞ് എന്റെ ഹൃദയം ഉരുകുന്നു. ഇത്തരം പരീക്ഷകൾ ഒരിക്കലും ഈശ്വരൻ നമുക്കായി തരാറില്ല പിന്നെയോ മനുഷ്യ കുലത്തിന്റെ തന്നെ കാണപ്പെടാത്ത സ്വയം കൃതമായ സഞ്ചിത കർമ്മഫലമായുണ്ടാകുന്നതാണ്. എന്തു തന്നെയായാലും ഭഗവൽസന്തതികളെന്ന നിലക്ക് ഏതു ബുദ്ധിമുട്ടിൽ പെട്ടാലും ആ സ്നേഹ സ്വരൂപന്റെ അദൃശ്യകരങ്ങൾ നമ്മോടൊപ്പമുണ്ടാകും.

ഈ സത്യത്തെ മുറുകെ പിടിച്ചു കൊണ്ട് സമചിത്തത കൈവിടാതെ ഈ ആപൽ ഘട്ടങ്ങളിൽ ഈശ്വരകൃപയും ശക്തിയും പരമമായ സുരക്ഷയും രോഗശാന്തിയും പ്രദാനം ചെയ്യുമെന്നുറപ്പിക്കുക, എന്തെന്നാൽ അദ്ദേഹം തന്നെയാണ് സുരക്ഷയുടെ ഏറ്റവും വലിയ സങ്കേതം.

നിങ്ങളുടെ ബാഹ്യസ്ഥിരതയെയോ സന്തുഷ്ടിയേയോ ഹനിക്കാവുന്ന സാഹചര്യങ്ങളെ നേരിടുമ്പോൾ സർവ്വ ശക്തനായ ഈശ്വരൻ അപ്പോഴും നിങ്ങളോടൊപ്പമുണ്ടെന്ന് മനസ്സിൽ ശക്തമായി വീണ്ടും വീണ്ടും  ഉറപ്പിക്കുക.

നമ്മുടെ ഗുരുദേവൻ പരമഹംസ യോഗാനന്ദജിയുടെ വാക്കുകളിൽ പറഞ്ഞാൽ: ഞാൻ ഈശ്വര സാന്നിധ്യമാകുന്ന കോട്ടയിൽ  സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവുമായ ഒരു ദോഷവും എന്നെ ജീവിതത്തിൽ ഒരിക്കൽ പോലും ബാധിക്കുകയില്ല – ഞാൻ ഭഗവൽ സാന്നിധ്യമാകുന്ന കോട്ടയ്ക്കുള്ളിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

ധ്യാനം നമ്മുടെ ഏറ്റവും വലിയ സുരക്ഷയും ഈ ഘട്ടത്തിൽ പ്രതിസന്ധികളിൽ പെട്ടു പോകാതിരിക്കാനുള്ള ഏറ്റവും നല്ല ഉറപ്പും പ്രദാനം ചെയ്യുന്നു. നാം നമ്മുടെ ഹൃദയം ദൈവത്തിനായി തുറന്നിടുമ്പോൾ, – കഴിയുന്നത്ര തവണ, നിമിഷ നേരത്തേയ്ക്കായാലും- അദ്ദേഹത്തിന്റെ സുഖപ്പെടുത്തുന്ന വാത്സല്യവും ൈസ്ഥര്യമാർന്ന വിവേകവും നമ്മെ ആശ്വസിപ്പിക്കുകയും നിലനിർത്തുകയും നമ്മുടെ ആന്തരികശക്തിയെ പുനരുദ്ധാരണം ചെയ്യുകയും അങ്ങനെ നമ്മുടെ ബോധത്തെ ഉയർത്തി അതു വഴി ശങ്കയിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈ വിധത്തിൽ, നാം അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മുന്നോട്ടു പോകാൻ തക്ക ധൈര്യവും ദിശാബോധവും നമ്മളിൽ നിറഞ്ഞു വരുന്നതായി കാണാം.

ഏതു പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ വേണ്ട കാഴ്ചപ്പാട് ഗുരുദേവൻ നമുക്കു നൽകുന്നു.

“പ്രതികൂല സാഹചര്യങ്ങളിൽ പെട്ടിരിക്കുമ്പോൾ  ചിന്ത കൊണ്ടും സൃഷ്ടിപരവും ക്രിയാത്മകവുമായ പ്രവൃത്തി കൊണ്ടും അതിന്റെ എതിരവസ്ഥയെ പ്രാപിക്കാൻ ശ്രമിക്കുക. തിതിക്ഷ, അതായത് അസുഖകരമായ അനുഭവങ്ങൾക്കു വഴിപ്പെടാതിരിക്കുക, എന്നാലോ മാനസികമായി അസ്വസ്ഥനാവാതെ അതിനെ പ്രതിരോധിക്കുക. അസുഖങ്ങൾ വരുമ്പോൾ മനസ്സിനെ ചഞ്ചലപ്പെടാൻ അനുവദിക്കാതെ  ശുചിത്വ പരമായ ജീവിത നിയമങ്ങൾ പിന്തുടരുക. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്വസ്ഥമായി ചെയ്യുക”.

പ്രിയമുള്ളവരേ, വൈ എസ് എസ്സിലെയും എസ് ആർ എഫിലേയും എല്ലാ സന്യാസിമാരും സന്യാസിനിമാരും ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള നിങ്ങൾ ഒരോരുത്തർക്കും വേണ്ടി എന്നോടൊപ്പം അഗാധമായ  പ്രാർത്ഥനയിൽ പങ്കു ചേരുകയും രോഗശാന്തിയേകുന്ന ദിവ്യപ്രകാശവും പ്രചോദനാത്മകവും സ്നേഹനിർഭരവുമായ ചിന്തകളും അയച്ചു കൊണ്ടിരിക്കുകയുമാണെന്ന ഉറപ്പ് ഞാൻ നിങ്ങൾക്കു നൽകുന്നു.

ഈ പ്രാർത്ഥനായത്നത്തിൽ നിങ്ങൾ തുടർന്നും അണി ചേർന്ന് രോഗശാന്തിയേകുന്ന ദൈവശക്തിയെ ആവശ്യക്കാർക്കു പ്രദാനം ചെയ്താലും. പരസ്പരം സഹായിക്കുന്നതിലൂടെ, നമ്മുടെ ശാന്തമായ മാതൃകയിലൂടെ മറ്റുള്ളവരെ ഉയർത്തുന്നതിലൂടെ, ആ അനന്തമായ ശക്തിയുടെയും ധൈര്യത്തിന്റെയും ഉറവിടത്തിൽ നിന്ന് സ്വയം ആർജ്ജവം നേടുന്നതിലൂടെ ഈ പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്കൊരുമിച്ച് വിജയകരമായി നമ്മുടെ വഴി കണ്ടെത്താനാവും.

ഈശ്വരനും ഗുരുക്കന്മാരും നിങ്ങളെ അനുഹിക്കട്ടെ, നേർവഴിക്ക് നയിക്കട്ടെ, നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കട്ടെ!

സ്വാമി. ചിദാനന്ദ ഗിരി

Share this on

Share on facebook
Share on twitter
Share on whatsapp

വൈ എസ് എസ് ബ്ലോഗിൽനിന്ന് കൂടുതൽ